മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന നെഹ്റു കുടുംബത്തെ സന്ദർശിച്ചു.
സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നേരിൽ കണ്ട ഷെയ്ഖ് ഹസീന മൂവരെയും കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ സംസാരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നാല് ദിവസത്തെ സന്ദർശനത്തിനായാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്. ബംഗ്ലാദേശിൽ 2009 ൽ വീണ്ടും അധികാരത്തിലേറിയ അവർ രാജ്യത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന നേതാവ് കൂടിയാണ്. 2009 ൽ ഇന്ത്യ ഭരിച്ചിരുന്നത് യുപിഎ സർക്കാരായിരുന്നു. 2011 ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് ബംഗ്ലാദേശ് സന്ദർശിച്ചിരുന്നു.